يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
"മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളിൽ നിന്ന് നല്ലതും വിഹിതവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെ പാത നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു".
- ഖുര്‍ആന്‍ 02:168
വിശ്വാസികള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, അനുഭവിക്കുന്നസേവനങ്ങള്‍,
ആഹരിക്കുന്ന അന്നങ്ങള്‍ എന്നിവയെല്ലാം എങ്ങനെയുള്ളതായിരിക്കണം എന്ന വിദ്യാഭ്യാസമാണ് ഈ സൂക്തങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. എന്തുതന്നെയായാലും നല്ലതും വിഹിതവും ആയതു മാത്രമേ അനുഭവിക്കാവൂ.
പ്രധാനമായും നാലു മാർഗത്തിലൂടെയാണ് ഒരാൾക്ക് ഹലാലായ സമ്പത്ത് വന്നുചേരുക.
ഒന്ന് - അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്നത്
രണ്ട് - അനന്തര സ്വത്തായി ലഭിക്കുന്നത്
മൂന്ന് -പാരിതോഷികങ്ങളോ സമ്മാനങ്ങളോ ദാനങ്ങളോ ആയി ലഭിക്കുന്നത്.
നാല് - സത്യസന്ധമായ പരാതിയിലൂടെ കോടതി വിധിക്കുന്ന നഷ്ടപരിഹാരം
അവിഹിതമായി ലഭിക്കുന്നതോ നേടിയതോ ആയ സമ്പത്ത് നിഷിദ്ധമാണ്.
വഞ്ചിച്ചും ചതിപ്രയോഗത്തിലൂടെയും കള്ളം പറഞ്ഞും നേടിയത്,
കൈക്കൂലിയായി വാങ്ങിയത്, പിടിച്ചുപറിച്ചത്, കൃത്രിമം കാണിച്ചത്. മോഷ്ടിച്ചത്,
പലിശയിലൂടെ നേടിയത്, ചൂഷണം ചെയ്തു നേടിയത്, സ്ത്രീധനം, അനർഹമായി നേടിയ ആനുകൂല്യം... തുടങ്ങിയവയെല്ലാം അവിഹിതമാണെന്ന കാര്യത്തിൽ തർക്കമില്ല.
ഭക്ഷണം ഉള്‍പ്പെടെ നാം അനുഭവിക്കുന്നതെല്ലാം ഹലാലും തയ്യിബും ആയിരിക്കണം എന്നതാണ് ഇസ്ലാമിക പാഠം. ഹലാൽ എന്നത് വാണിജ്യ മേഘലയിലെ ഒരു സ്റ്റിക്കര്‍ മാത്രമായി മനസ്സിലാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ. ബിസ്മി ചൊല്ലി അറുത്തത് എന്ന അര്‍ഥം മാത്രമായി ഹലാല്‍ ഒതുങ്ങിപ്പോവുകയാണോ എന്നുകൂടി ചിന്തിക്കണം.
ഹലാല്‍ എന്നത് ഒരു സംസ്കാരമാണ്. നേരെ ചൊവ്വേ തുടങ്ങിയതും വളര്‍ത്തിയതും വളമിട്ടതും സമ്പാദിച്ചതുമാണ് ഹലാലാവുക. ആരാന്റേതു കട്ടും ദ്രോഹിച്ചും പറ്റിച്ചും ഉണ്ടാക്കിയത് ഇറച്ചിയായാലും ഇലക്കറിയായാലും അത് ഹറാമാണ്.
ഹറാമിന്റെ അംശം ആമാശയത്തില്‍ എത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസത്തിന്റെ ഭാഗമാണ്.നല്ലത്, മാന്യമായത്, ചേരുന്നത്, ദോഷകരമല്ലാത്തത്, ഗുണകരമായത്, അരോചകമല്ലാത്തത്,
സുന്ദരമായത് മുതലായ അർഥങ്ങളുള്ള വാക്കാണ് ത്വയ്യിബ്.
ആഹാരം തിരഞ്ഞെടുക്കുമ്പോൾ ഹലാല്‍, ത്വയ്യിബ് എന്നീ രണ്ടു ഗുണങ്ങള്‍ ഉള്ളതായിരിക്കണം. ഹലാലായാല്‍ മാത്രം പോരാ തയ്യിബും കൂടിയായിരിക്കണം. അഥവാ അത് മനുഷ്യന് ഗുണം ചെയ്യുന്നതായിരിക്കണം. അല്ലാതെ ഉപദ്രവമുണ്ടാക്കുന്നതാകരുത്. ആത്മീയ ഗുണങ്ങളെ തളര്‍ത്തുന്നതോ രോഗം വരുത്തുന്നതോ വൃത്തിഹീനമായതോ ആകരുത്. ഇല്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രോഗവും ദുരിതങ്ങളും വരുത്തിവെക്കും. പരലോക വിജയം നഷ്ടപ്പെടുത്തും. അതിനാല്‍ അവ തയ്യാറാക്കുന്നതും വിപണനം ചെയ്യുന്നതും കഴിപ്പിക്കുന്നതും കുറ്റകരമാണ്.
അതെ, മുസ്ലിംകള്‍ക്ക് ഹലാല്‍ വളരെ പ്രധാനമാണ്.. എന്തെങ്കിലും വിവാദങ്ങളുണ്ടാക്കി അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമാകില്ല.
സഅ്ദുബ്നു അബീവഖാസ് (റ) ഒരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുകയുണ്ടായി.
“നബിയേ.. എന്റെ പ്രാർഥനകൾ സ്വീകാര്യമാകാൻ അങ്ങു പ്രാർഥിക്കണം”,
നബി(സ) പറഞ്ഞു: “നിന്റെ ഭക്ഷണം ശുദ്ധമായിരിക്കട്ടെ. അപ്പോൾ പ്രാർഥനകൾ സ്വീകാര്യമാകും. അല്ലാഹുവാണെ സത്യം! അവിഹിതമായ ഒരുപിടി ഭക്ഷണം ബോധപൂർവം ഉള്ളിൽ ചെന്നാൽ നാൽപതു നാളത്തെ പ്രാർഥന സ്വീകരിക്കപ്പെടില്ല. അവിഹിതവും നിഷിദ്ധവുമായ സമ്പത്തിനാൽ പുഷ്ടിപ്പെടുത്തിയ ശരീരം നരകത്തിനാണ് ചേരുക.”
( തുടരും...)
-ദഹ്ലവി