“ചോരയില്‍ മുക്കിയ കൈകള്‍ ഉയര്‍ത്തി ഞങ്ങള്‍ ദൃഡപ്രതിജ്ഞ ചെയ്യുന്നു,
ഹജറുല്‍ അസ്’വദിനെ പൂര്‍വ്വ സ്ഥാനത്ത് പ്രതിഷ്ടിക്കാനുള്ള അവകാശം ഞാങ്ങളാര്‍ക്കും വിട്ടുകൊടുക്കുകയില്ല”
അബൂദാര്‍ വംശത്തിന്റെ നേതാവിന്റെ വാക്കുകള്‍ കഅ്ബയുടെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി ഗോത്ര വിദ്വേഷം മറന്നു ഐക്യപ്പെട്ടവര്‍കിടയില്‍ വീണ്ടും കലഹത്തിന്റെ കുന്തമുന ഉയര്‍ത്തി.
ഹജറുല്‍ അസവദിനെ തല്‍സ്ഥാനത്ത് പുനസ്ഥാപിക്കുന്നതിനുള്ള യോഗ്യതയെ ചൊല്ലിയുണ്ടായ കലഹമാണ് സന്ദര്‍ഭം. ഒരു വേലിയില്‍ ചാഞ്ഞ വിള തിന്ന ഒട്ടകത്തിന്റെ പേരില്‍ ഒരേ ഗോത്രത്തിലെ രണ്ടു ചാര്‍ച്ചക്കാര്‍ തമ്മില്‍ നാല്പതു കൊല്ലം നീണ്ടു നിന്ന യുദ്ധം നടത്തിയ പാരമ്പര്യമുള്ള ഗോത്രത്തിന്റെ അവകാശികളാണ് അവര്‍.
‘ഈ ഭൂമി എന്നോട് സംസാരിച്ചു ഒത്തുതീര്‍പ്പാകുന്നത് വരെ ഈ യുദ്ധം നിര്‍ത്തുകയില്ല’ എന്നതായിരുന്നു അന്നത്തെ ഗോത്ര മുഖ്യന്‍റെ ദൃഡനിശ്ചയം. ഗോത്രക്കാര്‍ക്കിടയിലെ നടപ്പാതയെ കൃത്രിമമായി പിളര്‍ത്തിയുണ്ടാക്കിയ വിടവിലൂടെ എതിര്‍ ചേരിയിലെ ഗോത്ര നേതാവ് സന്ധിക്കപേക്ഷിച്ചു കൊണ്ടാണ് രണ്ടു തലമുറയെ കവര്‍ന്ന ആ യുദ്ധത്തിനു പരിസമാപ്തിയായത്.
രക്ത കലുഷിതമായ മറ്റൊരു യുദ്ധത്തിലേക്കുള്ള തുടക്കമാണിതെന്നു തീര്‍പ്പുറപ്പിച്ച ആ സന്ദര്‍ഭത്തില്‍ അബൂ ഉമയ്യബ്നു ഉമൈറ അല്‍ മക്സൂമി എഴുന്നേറ്റു നിന്നു. വന്ധ്യ വയോധികനായ അദ്ദേഹം ഒരാശയം മുന്നോട്ടു വച്ചു. ‘നാളെ രാവിലെ സഫാ കവാടത്തിലൂടെ ആദ്യം കടന്നു വരുന്നയാളുടെ വിധി നമുക്ക് സ്വീകരിക്കാം’.
നിര്‍ദേശം അംഗീകരിക്കപ്പെട്ടു. അടുത്ത പ്രഭാതത്തില്‍ മക്കയില്‍ രണ്ടു തവണ സൂര്യനുദിച്ചു.
ഒന്ന് കിഴക്കന്‍ ചക്രവാളത്തിലും.. മറ്റൊന്ന് പരിശുദ്ധ കഅ്ബയുടെ സഫ കവാടത്തില്‍!
യുദ്ധക്കൊതി മൂത്ത് പരിസരം മറന്നുപോയ ഗോത്രമുഖ്യന്മാരും കുടുംബാംഗങ്ങളും ഒറ്റ ശ്വാസത്തില്‍ പ്രഖ്യാപിച്ചു: 'ഇതാ അല്‍ അമീന്‍, ഇദ്ദേഹത്തെക്കാള്‍ വിശ്വസ്തനായി വേറെ ആരുണ്ട് നമുക്കിടയില്‍ തീര്‍പ്പു കല്പിക്കാന്‍’
മക്കാ നിവാസികള്‍കിടയില്‍ അല്‍-അമീന്‍ [വിശ്വസ്തന്‍] എന്നറിയപ്പെട്ടു പോന്ന മുഹമ്മദ് മുസ്തഫ [സ്വ] ആയിരുന്നു അത്. ഹജറുല്‍ അസ്വദ് ഒരു വിരിപ്പില്‍ വെച്ച് , വിരിപ്പിന്റെ അറ്റങ്ങള്‍ ഓരോ ഗോത്രമുഖ്യന്മാര്‍ക്കും നല്‍കി,
എല്ലാവരുടെയും പങ്കാളിത്തത്തോട് കൂടി ആ പ്രശ്നം റസൂല്‍ [സ്വ] ശാന്തമായി പരിഹരിച്ചു. പ്രവാചകത്വത്തിനു മുന്‍പായിരുന്നു ഈ സംഭവം.
മനുഷ്യനിലെ സ്വഭാവ ഗുണങ്ങളുടെ അതുല്യ പൂര്‍ത്തീകരണമായിരുന്നു നബി [സ്വ]. എന്നാല്‍ മനുഷ്യ വംശത്തിന്റെ മുഴുവന്‍ ഗുരുവും നേതാവുമായിരുന്ന അവിടുത്തെ ഇതര ചരിത്ര പുരുഷന്മാരില്‍ നിന്ന് വേര്‍തിരിക്കുന്ന ഉത്കൃഷ്ട സ്വഭാവം ഏത്? എന്നതിനുള്ള ഉത്തരം 'വിശ്വസ്തത' എന്നുള്ളതാണ്.
ഹുദൈബിയ സന്ധിയുടെ വേളയില്‍ സമാന വേളകളില്‍ മറ്റേതൊരു ഭരണാധികാരിയും, രാജാവും വിസമ്മതിക്കുന്ന കരാറില്‍ പ്രവാചകന്‍ സമ്മതമറിയിച്ചപ്പോള്‍ ശത്രുക്കള്‍ക്ക് ഉറപ്പായിരുന്നു, ഈ കരാര്‍ പാലിക്കപ്പെടുമെന്ന്, കാരണം അവര്‍ക്ക് സുപരിചിതനായ മൂര്‍ധാവു മുതല്‍ പെരുവിരല്‍ വരെ വിശ്വസ്തനായ മുഹമ്മദാണ് കരാറില്‍ ഒപ്പ് ചാര്‍ത്തുന്നത്.
വ്യക്തിയില്‍, കുടുംബാംഗങ്ങളില്‍,
തൊഴിലിടങ്ങളില്‍, വാണിജ്യ വ്യവഹാരങ്ങളില്‍,
കാര്‍ഷിക വൃത്തിയില്‍, പൊതുപ്രവര്‍ത്തനത്തില്‍,
ഭരണനിര്‍വഹണത്തില്‍, യുദ്ധത്തില്‍,
ഉടമ്പടികളില്‍, അന്താരാഷ്‌ട്ര ബന്ധങ്ങളില്‍... വിശ്വസ്തതയെ സാക്ഷാത്കരിക്കുക എന്നതായിരുന്നു മുഹമ്മദ് റസൂല്‍ [സ്വ] എല്ലാ കാലത്തെയും എല്ലാ മനുഷ്യര്‍ക്കുമായി നിര്‍വഹിച്ച ദൗത്യം.ചരിത്രത്തില്‍ മറ്റൊരു ജീവിതത്തിനും, അവതാരത്തിനും തുലനമോ,
തുല്ല്യതയോ അവകാശപ്പെടാനാവാത്ത നിയോഗ പൂര്‍ത്തിയായിരുന്നു അത്.
മനുഷ്യന്‍റെ എല്ലാ ജീവിത സന്ദര്‍ഭങ്ങളുടെയും മതൃകയെ അധ്യാപനം ചെയ്ത ആ വിശുദ്ധ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ തന്‍റെ ജനതയോട് ചോദിച്ചു, ജനനിബിഡമല്ലാത്ത മരുഭൂമിയിലെ ആയിരക്കക്കിനു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്തെത്തിയ
മഹാ ജനസജ്ഞയമായിരുന്നു മുന്നില്‍.!
പ്രപഞ്ചനാഥനും, സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവുമായ അല്ലാഹു
എന്നെ വിശ്വസിച്ചേല്‍പ്പിച്ചത് ഞാന്‍ നിങ്ങള്‍ക്ക്
എത്തിച്ചുതന്നില്ലയോ ?
'അതെ നിസംശയം, പൂര്‍ണമായും താങ്ങള്‍ എത്തിച്ചുതന്നിരിക്കുന്നു’.
ഒരു ലക്ഷത്തിലേറെ വരുന്ന കണ്ഠങ്ങളില്‍ നിന്നുള്ള പ്രത്യുത്തരം മക്കയെ പ്രകമ്പനം കൊള്ളിച്ചു.
മതവും, മതേതരവുമായ ലോകങ്ങളില്‍ സമവും, സാമ്യവും, താരതമ്യവുമില്ലാത്ത വിജയത്തിന്‍റെ ചക്രവര്‍ത്തിയായി പ്രവാചകന്‍ ഇന്നും എന്നും വാഴുന്നതിന്റെ രഹസ്യം ഈ വിശ്വസ്തതയാണ്'. അതില്ലാതെയാകുമ്പോള്‍ രാജവംശങ്ങള്‍ ശിധിലമാകും,
ഭരണകൂടങ്ങള്‍ നിലംപൊത്തും,
ജനനേതാക്കള്‍ ഇടറിവീഴും,
മഹാപ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയും,
കുടുംബാന്തരീക്ഷം അശാന്തമാകും,
ആത്മഹത്യകള്‍ പെരുകും,
ഭൂമി, അതില്‍ മനുഷ്യര്‍ വസിച്ചു കൊണ്ടിരിക്ക തന്നെ ശ്മാശാനമാവും.
ജീവനുള്ളവരെ മറമാടിയ ശ്മശാന ഭൂമി..!
-അബ്ദുസ്സുബ്ഹാന്‍ വളാഞ്ചേരി
0 Comment:
Post a Comment