ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നുകൊണ്ട് L E D ബള്‍ബുകൾ വില്‍ക്കുയാണ് ഒരു യുവാവ്. ആളുകള്‍ അയാള്‍ക്ക് ചുറ്റും കൂടിയിട്ടുണ്ട്. ചിലര്‍ ബള്‍ബുകള്‍ വാങ്ങുന്നു. മറ്റുചിലര്‍ അതിന്റെ ക്വാളിറ്റിയില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ട് മടങ്ങിപ്പോകുന്നു. വിലപേശല്‍ നടത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും കയറി യാതൊരു വിലപേശലുകളുമില്ലാതെ പ്രിന്റഡ് വിലക്ക് സാധനങ്ങള്‍ വാങ്ങുന്ന നമുക്ക് അന്നന്നത്തേ അഷ്ടിക്കുള്ള വകതേടി ഇറങ്ങുന്ന ഇത്തരം ആളുകള്‍ക്ക് മുമ്പില്‍ വിലപേശല്‍ നടത്താന്‍ യാതൊരു മടിയുമില്ലല്ലോ?
തിരക്കല്‍പം കുറഞ്ഞപ്പോള്‍ ഞാൻ അയാളുടെ അടുത്തെത്തി, ബള്‍ബിന്റെ വില തിരക്കി. ഒരെണ്ണത്തിന് 40 രൂപ. 3 എണ്ണത്തിന് നൂറുരൂപ. അതായിരുന്നു വില.
മൂന്ന് ബള്‍ബുകള്‍ വാങ്ങി അതിന്റെ പണം നല്‍കുന്നതിനിടയില്‍ ഞാന്‍ അയാളോടു ചോദിച്ചു: ഇത് 6 മാസമെങ്കിലും ഉപയോഗിക്കാനാവുമോ?
യുവാവ് മറുപടിയൊന്നും പറഞ്ഞില്ല. പലതവണ ഇതേ ചോദ്യം ആവര്‍ത്തിച്ചിട്ടും കേട്ട ഭാവം കാണിക്കാതെ അയാള്‍ മറ്റാളുകള്‍ക്ക് സാധനങ്ങള്‍
വിറ്റുകൊണ്ടിരുന്നു. ഞാന്‍ പോകുന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: 'സഹോദരാ. ഇത് എത്ര നാള്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് പറയാന്‍ എനിക്കാവില്ല. മാത്രവുമല്ല ഇതിന്റെ ക്വാളിറ്റിയെക്കുറിച്ചും എനിക്ക് ധാരണയൊന്നുമില്ല. ഒരുമാസത്തോളമായി ഇത് ഞാന്‍ എന്റെ വീട്ടില്‍ ഉപയോഗിക്കുന്നുണ്ട്,
വലിയ
കുഴപ്പമൊന്നും കണ്ടിട്ടില്ല. അത് മാത്രമാണ് എനിക്ക് പറയാനാവുക. ഇല്ലാത്ത ഗുണങ്ങള്‍ പറഞ്ഞ് താങ്കളെ പറ്റിക്കാനൊന്നും എനിക്കാവില്ല. അങ്ങനെ ഞാന്‍ ചെയ്താല്‍ അത് വഞ്ചനയല്ലേ ? അങ്ങനെയുള്ളതൊന്നും നമുക്ക് ദഹിക്കില്ലല്ലോ? താങ്കള്‍ക്ക് വേണ്ടെങ്കില്‍ തിരികെ തന്നോളൂ. പണം ഞാന്‍ മടക്കിത്തരാം,
എന്നാലും എനിക്ക് കള്ളം പറയാനാവില്ല.'
നേരും നെറിയും ഇല്ലാതെ എങ്ങനെയും കീശവീര്‍പ്പിക്കണം എന്ന ചിന്തയോടെ കൊള്ളയും കളവും തുടർന്നു കൊണ്ടിരിക്കുന്ന പുതിയകാല വ്യാപാര പ്രവണതകള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന അപൂര്‍വ്വം ചില ശബ്ദങ്ങളില്‍ ഒന്നായിരുന്നു, അന്നന്നത്തെ അന്നം തേടിയിറങ്ങിയ ആ വഴിയോര കച്ചവടക്കാരനില്‍ നിന്നും എനിക്ക് കേള്‍ക്കാനായത്.
കച്ചവടം വളരെ മാന്യവും അനുഗ്രഹീതവുമായ തൊഴിലാണ്. പക്ഷെ കൂടുതല്‍ പേരും കബളിപ്പിക്കപ്പെടുന്ന ഒരു മേഖലയായി ഇന്നത് മാറിയിരിക്കുന്നു.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിതവിലയീടാക്കലും.. തുടങ്ങി നിരവധി തിന്മകളുടെ കൂത്തരങ്ങാണ് ഇന്ന് വ്യാപാര മേഖല.
ഇല്ലാത്ത ഗുണമേന്‍മകള്‍ പറഞ്ഞ് സാധനങ്ങള്‍ വിറ്റഴിക്കുകയും അതിനായി ദൈവനാമത്തില്‍ കള്ളസത്യം പറയുകയും ചെയ്യുന്നതിൽ ചിലയാളുകള്‍ക്ക് യാതൊരു സങ്കോചവുമില്ല. എല്ലാ സാധനങ്ങളുടെയും വ്യാജ പതിപ്പുകൾ ലഭിക്കുന്ന ഇക്കാലത്ത് ഒര്‍ജിനല്‍ എന്ന് പറഞ്ഞ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും മടിയൊന്നുമില്ല.
കച്ചവടത്തില്‍ അനാവശ്യവും വ്യാജവുമായ സത്യം ചെയ്യല്‍ പാടുള്ളതല്ല. അതുപോലെ തന്നെ അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നതും ഗുരുതരമായ പാതകമാണ്. വാങ്ങുമ്പോള്‍ കൂടുതല്‍ അളന്ന് വാങ്ങുകയും കൊടുക്കുമ്പോള്‍ അളവില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്ന കള്ളത്താപ്പുകാരെ ശപിച്ചുകൊണ്ടും, അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമാണ് ഖുര്‍ആനിലെ 83 - ന്നാം അദ്ധ്യായം ആരംഭിക്കുന്നത് തന്നെ.
അങ്ങാടികളും വ്യാപാരസമുച്ചയങ്ങളും വഞ്ചനയുടെയും തട്ടിപ്പിന്റെയും കേന്ദ്രങ്ങളാവുമ്പോള്‍ ധാര്‍മികതയും സത്യസന്ധതയും മുറുകെപ്പിടിക്കുവാന്‍ ഈ പ്രവാചക വചനം നമുക്ക് പ്രചോദനമാവട്ടെ!
തിരുദൂതര്‍(സ) പറഞ്ഞു: " സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും, രക്തസാക്ഷികളുടെയും കൂടെയാണ് ".
- Siyad, Sohar
0 Comment:
Post a Comment