فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ
"എന്നിട്ട് പിശാച് അവരിരുവരെയും വ്യതിചലിപ്പിക്കുകയും തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സ്വര്‍ഗീയ സൗഖ്യങ്ങളില്‍ നിന്ന് അവരെ ബഹിഷ്‌കരിക്കുകയും ചെയ്തു. നാം കല്‍പിച്ചു: ഇറങ്ങിപ്പോവുക! നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. ഒരു നിശ്ചിതകാലം വരെ നിങ്ങള്‍ക്കു ഭൂമിയില്‍ അധിവാസവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും". (ഖുര്‍ആന്‍ 02 : 36
നിയന്ത്രണങ്ങൾ ഏതുമില്ലാതെ സ്വർഗത്തിലെ അനുഗ്രഹങ്ങൾ ആസ്വദിച്ചു കൊണ്ട് ജീവിച്ച ദമ്പതികളാണ് ആദമും ഹവ്വയും. സമീപിക്കരുതെന്ന് അല്ലാഹു കല്പിച്ച വൃക്ഷത്തിൽ നിന്ന് അവർ അകന്ന് നിന്നു. എന്നാൽ തന്റെ പരാജയത്തിനും പതിത്വത്തിനും കാരണക്കാരനായ ആദമിനെ വഞ്ചിക്കാൻ പ്രതിജ്ഞ ചെയ്ത ഇബ്'ലീസ്, അദ്ദേഹത്തിന് മേൽ ദുഷ് പ്രേരണകൾ ചെലുത്തിക്കൊണ്ടിരുന്നു. ആദമിന് സാഷ്ടാംഗം ചെയ്തില്ലെന്ന കാരണത്താലായിരുന്നല്ലോ ദൈവം തന്നോട് കോപിച്ചത്? താൻ ദൈവത്തിന്റെ ശാപത്തിന് പാത്രമാവാൻ കാരണമായതും അത് തന്നെയായിരുന്നല്ലോ? അതിനാൽ ആദം ഹവ്വ ദമ്പതികളുടെ സ്വർഗത്തിലെ സ്വൈര്യ വിഹാരത്തിന് അന്ത്യം കുറിക്കാൻ ഇബ്'ലീസ് നിശ്ചയിച്ചു. അവരോട് ഇപ്രകാരം ഉപദേശിച്ചു കൊണ്ടിരിക്കുകയും ചെയ്തു. "നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ സുഖസൗകര്യങ്ങൾ നിങ്ങളുടെ മരണം വരെ മാത്രമാണ് ലഭിക്കുക. ഈ സുഖ സൗകര്യങ്ങൾ കാലാകാലം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ദൈവം നിരോധിച്ച വൃക്ഷത്തിന്റെ കനി ഭക്ഷിക്കണം. ഈ വൃക്ഷത്തിന് നിങ്ങൾക്ക് നിത്യതയും ശാശ്വതീകത്വവും നൽകാനുള്ള കഴിവുണ്ട്."
ആദമിൻ്റെയും ഹവ്വയുടെയും വരവോടെ ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചു. അല്ലാഹുവിന്റെ പ്രതിനിധിയായാണ് മനുഷ്യൻ ഭൂമിയിൽ വസിക്കേണ്ടത്. ആദം ആ പ്രതിനിധാനം ഏറ്റെടുത്ത ആദ്യ മനുഷ്യനാണ്.
തന്നിൽ നിന്നു സംഭവിച്ചു പോയ അബദ്ധത്തിൽ പശ്ചാത്താപ വിവശനായിത്തീർന്ന ആദം മാറ്റത്തിന്റെ പ്രവാചകനും കൂടിയാണ്. അല്ലാഹുവിന്റെ മാപ്പിനർഹനായ മനുഷ്യ കുലത്തിലെ ആദ്യ അംഗമായ ആദം പുനരാലോചനയുടെയും പുന:സംവിധാനത്തിന്റെയും പ്രതീകമാണ്.
ഭൂമി പരീക്ഷണാലയമാണ്. ധർമാധർമ സംഘട്ടനങ്ങളുടെ വേദിയാണ്. മനുഷ്യ കുലത്തിന്റെ ആദ്യ പിതാവായ ആദം സത്യത്തിനും നീതിക്കുമായി സമരം ചെയ്യുന്നവരുടെ ആദർശ പിതാവ് കൂടിയാണ്.
ഇബ്രാഹീം വടുതല
0 Comment:
Post a Comment