സുഹൃത്തിന്റെ മകളുടെ വിവാഹത്തിനാണ് ഞാൻ ആ ഹാളിലെത്തിയത്. വളരെ പരിചയമുള്ള ചില സുഹൃത്തുക്കളുമായി തമാശകളൊക്കെ പറഞ്ഞ് ഞാൻ ഒരിടത്തിരിക്കുകയായിരുന്നു. എന്റെ അടുത്ത ഒരു ബന്ധു ഒന്ന് ചിരിച്ച് കൂടുതലൊന്നും സംസാരിക്കാതെ തൊട്ടപ്പുറത്തു കൂടി നടന്നു പോയി. എന്താണ് അദ്ദേഹം എന്നെ അത്ര ഗൗനിക്കാതെ പോകാനുണ്ടായ കാരണം എന്ന് നോക്കിയപ്പോൾ,
അറിയപ്പെട്ട ഒരു വ്യവസായിയും രാഷ്ട്രീയ നേതാവുമായി കുശലം പറയുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. പ്രമാണിത്തത്തിന്റെയും താൻപോരിമയുടെയും മുന്നിൽ ബന്ധങ്ങൾക്കെന്തു വില!
മനുഷ്യരിൽ ചിലർ ഇങ്ങനെയാണ്. വലിയ വലിയ ആളുകളുമായി ഇടപഴകാനാണ് അവർക്ക് താല്പര്യം. വളരെയടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പോലും അവർ മറന്നു പോവും ഇത്തരക്കാരെ കാണുമ്പോൾ.
ഒരിക്കൽ നബി (സ)യും അനുചരന്മാരും ഒരുമിച്ച് നിൽക്കുമ്പോൾ, ഒരാൾ നബി(സ)യുടെ മുന്നിലൂടെ നടന്നുപോയി. അദ്ദേഹത്തെ കുറിച്ച് കൂടെയുള്ള അനുചരന്മാരോട് നബി(സ) ചോദിച്ചു: ഈ മനുഷ്യനെ സംബന്ധിച്ച് എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരു തറവാട്ടില്‍ വിവാഹാലോചന നടത്തിയാല് അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി(സ) മൗനം പാലിച്ചു. അപ്പോള്‍ മറ്റൊരാൾ അതിലെ നടന്നുപോയി. നബി(സ) ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അവര്‍ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചു കൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെ പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമനാണ് ഇദ്ദേഹം." (ബുഖാരി)
പ്രിയമുള്ളവരെ, പണവും പ്രതാപവുമുള്ളവരെ മാത്രം പരിഗണിക്കുകയും അല്ലാത്തവരെ അവഗണിക്കുകയും ചെയ്യുന്ന സ്വഭാവം ദുശിച്ച പ്രവണതയാണ്. ഇത്തരം പ്രവണത നമ്മിൽ ഉണ്ടോയെന്ന് നാമോരോരുത്തരും ആത്മഗദം ചെയ്യേണ്ടതാണ്. വിശുദ്ധ ഖുർആൻ്റെ ഈ വചനം ഒന്ന് ശ്രദ്ധിക്കൂ.
وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا
തങ്ങളുടെ നാഥന്റെ സംതൃപ്തി പ്രതീക്ഷിച്ച് പ്രഭാത - പ്രദോഷങ്ങളില്‍ അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരൊന്നിച്ചു നീ നിൻ്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുക;
ഭൗതിക ജീവിതത്തിന്റെ പകിട്ടുകള്‍ മോഹിച്ചുകൊണ്ട് നീ നിന്റെ കണ്ണുകളെ ഒരിക്കലും അവരില്‍ നിന്ന് തെറ്റിച്ചു കളയരുത്. (ഖുര്‍ആന്‍ 18 : 28)
-പി.വി. മുജീബുറഹ്'മാൻ
0 Comment:
Post a Comment