Inner voice on the air

Thursday, February 17, 2022

നമുക്ക് നേടാം ശാശ്വതമായ ജീവിതം !!!

 



മരണം
ഒരു യാഥാര്‍ത്ഥ്യമാണ്! ആര്‍ക്കും ഓടിരക്ഷപ്പെടാനാവാത്ത സത്യം! നമുക്ക് പ്രിയപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിയാളുകളുടെ വിയോഗത്തിന് നാം സാക്ഷികളായിട്ടുണ്ട്. അവരുടെ മരണ വാര്‍ത്തകള്‍ മറ്റുള്ളവരെ അറിയിക്കുകയും മരണാനന്തര കർമ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുമുണ്ട്

എല്ലാം കഴിഞ്ഞ് പിരിയുമ്പോള്‍ എന്തായിരുന്നു നാമോരോരുത്തരുടെയും മനസ്സില്‍? ഇതേ പോലൊരു ദിനം തനിക്കും വരാനുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മില്‍ എത്രയാളുകള്‍ ഓര്‍ത്തിട്ടുണ്ടാവും? അഥവാ ഓര്‍ത്താല്‍ തന്നെ വളരെ വേഗം എല്ലാം മറന്നുകൊണ്ട് വീണ്ടും നാം നമ്മുടേതായ തിരക്കുകളില്‍ വ്യാപൃതരാകും. അടുത്ത ഒരു വാര്‍ത്ത കേള്‍ക്കുന്നതുവരെ. അതാണ് മനുഷ്യ പ്രകൃതം.

 തിരിച്ചുപോക്ക് അനിവാര്യമായ യാത്രയിലാണ് നാം, പിറന്നു വീണ അന്നു മുതല്‍ തന്നെ മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ജനനത്തിനും മരണത്തിനുമിടയിലുള്ള സമയം; അതാണല്ലോ നമ്മുടെ ജീവിതം.

 ഇബ്‌നു അസാക്കിര്‍ അല്‍ ഹസന്‍ രചിച്ചിട്ടുള്ള താരീഖു ദമഷ്‌ക്ക് എന്ന ചരിത്ര ഗ്രന്ഥത്തില്‍ നൂഹ് നബി ()യുടെതായ ഒരു സംഭവം വിവരിക്കുന്നുണ്ട്മരണാസന്നനായ നൂഹ് ()നോട് മലക്കുല്‍ മൗത്ത് അസ്‌റാഈല്‍ () ചോദിച്ചു: ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചയാള്‍ എന്ന നിലയില്‍ ഇഹലോക ജീവിതത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അദ്ദേഹം പറഞ്ഞു: 'ഇഹലോക ജീവിതം എന്നത് രണ്ട് വാതിലുകളുള്ള ഒരു വീടു പോലെയാണ്. ഒന്നിലൂടെ നാം അകത്തേക്ക് പ്രവേശിക്കുന്നു, മറ്റെ വാതിലിലൂടെ പുറത്തുപോകുന്നു.

 ഇഹലോക ജീവിത്തിന്റെ നിസ്സാരതയെ വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങളും അദ്ധ്യാപനങ്ങളും ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നമുക്ക് കാണാനാവും.

 വളരെ ചുരുങ്ങിയ സമയം മാത്രമാണ് നമുക്കീ ഭൂമിയില്‍ ജീവിക്കാനാവുക എന്ന് പറയുമ്പോഴും ചുരുങ്ങിയ സമയത്തെ  കൃത്യവും സൂക്ഷ്മവുമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് നേടിയെടുക്കാനാവുന്ന ശാശ്വതമായ  വിജയത്തെപ്പെറ്റി ഖുര്‍ആനും പ്രവാചകനും നമ്മെ പഠിപ്പിക്കുന്നുണ്ട്.

 ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടുള്ള ഏകാന്തവാസമോ, വൈയക്തികവും സാമൂഹികവുമായ ബാദ്ധ്യതകളില്‍ നിന്നുള്ള ഒളിച്ചോട്ടമോ അല്ല പാരത്രിക വിജയം നേടിയെടുക്കാനുള്ള മാര്‍ഗ്ഗം. അല്ലാഹു അനുവദനീയമാക്കി തന്നിട്ടുള്ള ഭൗതീക വിഭവങ്ങള്‍ അതിനായി നാം ഉപേക്ഷിക്കേണ്ടതുമില്ല. മറിച്ച്, നമുക്ക് കൈവന്നിട്ടിളള ഓരോ അവസരങ്ങളും അനുഗ്രഹവും വിഭവങ്ങളും അതിനായി  വിനിയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. നന്മയുടെ പ്രതിരൂപങ്ങളും തിന്മയുടെ വിപാടകരുമായി സ്വയം പരിവര്‍ത്തിക്കുകയാണ് വേണ്ടത്.

ലോകത്ത് നിര്‍വ്വഹിക്കേണ്ടുന്ന ബാധ്യതകള്‍ മറക്കാതെ നിര്‍വ്വഹിക്കുന്നവരാവുകയാണ്  വേണ്ടത്.   കര്‍മ്മനിരതരാവുകയാണ് വേണ്ടത്

 അതിലൂടെ നമുക്ക് നേടാം പരലോക വിജയം, നമുക്ക് നേടാം ശാശ്വതമായ ജീവിതം. നാഥന്‍ തുണക്കട്ടെ! ആമീന്‍.

 

وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ
അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ നീ പാരത്രിക മോക്ഷം കാംക്ഷിക്കുക. ഐഹികജീവിതത്തിലുള്ള വിഹിതം നീ വിസ്മരിക്കരുത്. അല്ലാഹു നിനക്ക് നന്മ കനിഞ്ഞതുപോലെ ലോകര്‍ക്ക് നീയും പുണ്യം ചെയ്യുക; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ തുനിയരുത്. വിനാശകാരികളെ അല്ലാഹു ഒട്ടുമേ സ്‌നേഹിക്കുകയില്ല.   (28:77)

-Siyad,Sohar

Share:

0 Comment:

Post a Comment

Social Profiles

Contact