പ്രവാചകൻ (സ) സിറിയയുടെ ഭാഗത്തേക്ക് അംറുബ്നുൽ ആസ് (റ)ൻ്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ദാത്തുസ്സലാസിൽ യുദ്ധത്തിനായി നിയോഗിച്ചു. അവിടെയെത്തിയ അംറുബ്നുൽ ആസ് (റ) ശത്രു സേനയുടെ ബാഹുല്യം മനസ്സിലാക്കി കൂടുതൽ സൈനികരെ അഭ്യർത്ഥിച്ചുകൊണ്ട് പ്രവാചകന്റെ അടുത്തേക്ക് ദൂതനെ അയച്ചു.അംറുബ്നുൽ ആസ് (റ)ൻ്റെ അഭ്യർത്ഥന പ്രകാരം പ്രവാചകൻ (സ) അബൂഹുറൈറയുടെ നേതൃത്വത്തിൽ ഒരുപറ്റം സൈന്യത്തെ അങ്ങോട്ട് അയക്കുകയുണ്ടായി. അബൂബക്കർ (റ) അടക്കമുള്ള ആദ്യകാല മുഹാജിറുകൾ അക്കൂട്ടത്തിലുണ്ടായിരുന്നു.
തുടർന്ന് താങ്കളുടെയും അംറുബ്നുൽ ആസ് (റ)ൻ്റെയും ഇടയിൽ ഭിന്നത ഉണ്ടാകരുത് എന്നുപദേശിച്ച് അബൂഉബൈദ (റ)നെ കൂടി അല്പം സൈനികരുമായി അവിടേക്ക് നിയോഗിച്ചു.
അംറുബ്നുൽ ആസ് (റ)ൻ്റെ അരികിലെത്തിയ അബൂഉബൈദ (റ)നോട്, "ഞാനാണ് സൈനിക തലവൻ നിങ്ങൾ എന്നെ സഹായിക്കാൻ വന്നതാണ്" എന്ന് അംറിബ്നുൽ ആസ് (റ ) പറഞ്ഞു. '' അല്ല, നമുക്ക് രണ്ടുപേർക്കും നമ്മുടെ സൈനികരുടെ നേതൃത്വം ഏറ്റെടുക്കാം'' എന്ന് അബൂഉബൈദ (റ) മറുപടി പറഞ്ഞുവെങ്കിലും ''അല്ല നിങ്ങൾ എന്നെ സഹായിക്കാനെത്തിയവരാണ്''
എന്ന് അംറിബ്നുൽ ആസ് ആവർത്തിച്ചു..
ഇതുകേട്ട് അബു ഉബൈദ (റ) ഇങ്ങനെ പ്രതിവചിച്ചു: ''നിങ്ങൾ രണ്ടുപേരും ഭിന്നിക്കരുത്'' എന്ന് പ്രവാചകൻ (സ )എന്നോട് ഉപദേശിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം''.ഞാൻ സൈനിക നേതാവും നിങ്ങൾ സഹായിയുമാണ് എന്ന അംറിബ്നുൽ ആസിന്റെ വാദം അബൂഉബൈദ അംഗീകരിച്ചു.
യുദ്ധാനന്തരം ആദ്യമായി മദീനയിൽ മടങ്ങിയെത്തിയത് ഔഫ് ഇബ്നു മാലിക് (റ ) ആയിരുന്നു. അദ്ദേഹം അംറിബ്നുൽ ആസും അബൂ ഉബൈദയും തമ്മിലുണ്ടായ ഭിന്നതയെ കുറിച്ച് പ്രവാചകൻ (സ)നോട് വിശദീകരിച്ചു. എല്ലാം കേട്ട ശേഷം പ്രവാചകൻ (സ)പറഞ്ഞു: ''അബൂഉബൈദയെ അല്ലാഹു അനുഗ്രഹിക്കട്ടെ!''
അധികാരം, സ്ഥാനമാനങ്ങൾ, ഉപഹാരങ്ങൾ എന്നിവ ഉന്നതമായ ലക്ഷ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും മുൻപിൽ നിറപ്പകിട്ടോടെ വന്നുനിൽക്കാറുള്ള പ്രലോഭനങ്ങളാണ്. അവയുടെ മോഹവലയത്തിൽപെട്ട് ലക്ഷ്യവും മാർഗവും മറന്ന് കാലിടറിയവരും പരാജയപ്പെട്ടവരും നിരവധിയുണ്ട്.എന്നാൽ സ്വന്തം ഇഷ്ടങ്ങളും കക്ഷിതാത്പര്യങ്ങളും മറന്ന് ഭിന്നതകളെ അവഗണിച്ചു കൊണ്ട് പൊതുനന്മക്കായി പരസ്പരം തോളോട് തോൾ ചേർന്നുനിന്ന് പ്രവർത്തിക്കുമ്പോഴാണ് ചരിത്രം വഴിമാറുന്നത്. അപ്പോൾ മാത്രമാണ് പുതിയ ചരിത്രം പിറവിയെടുക്കുന്നത്.
ഭൗതികലോകത്തെ നിസ്സാരമായി കാണുന്ന, അനശ്വരമായ പാരത്രിക വിജയം മാത്രം ലക്ഷ്യം വെക്കുന്ന, പുതിയകാല അബൂ ഉബൈദമാരെ കാലം തേടുകയാണ്. അതിൻ്റെ സാക്ഷാത്കാരത്തിനായി നമുക്ക് യത്നിക്കാം. നാഥൻ തുണക്കട്ടെ! ആമിൻ.
-സിയാദ് സോഹാർ
0 Comment:
Post a Comment