ഒരു കഥപറയാം, വളരെ കാലങ്ങള്‍ക്ക് മുമ്പ് കപ്പലുകള്‍ക്ക് ദിശകാണിക്കുന്ന ലൈറ്റ് ഹൗസ് ജീവനക്കാരനായിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. കുറഞ്ഞ അളവ് എണ്ണമാത്രം തൻ്റെ കൈവശമുണ്ടായിരുന്ന ഒരു ദിവസം അയാളുടെ അയല്‍ക്കാരന്‍ വീട്ടില്‍ വിളക്കു തെളിക്കുവാനായി കടമായി കുറച്ച് എണ്ണ ചോദിച്ചു. വൃദ്ധന്‍ മടിയൊന്നുമില്ലാതെ അയാള്‍ക്കാവശ്യമായ എണ്ണ നല്‍കി. അടുത്ത ദിവസം രാത്രിയില്‍ ഒരു വഴിയാത്രക്കാരന്‍ എണ്ണ വറ്റാറായ തൻ്റെ വിളക്കുമായി, യാത്ര തുടരുന്നതിന് വിളക്ക് തെളിക്കാനാവശ്യമായ എണ്ണ തന്ന് സഹായിക്കണമെന്ന് വൃദ്ധനോട് ആവശ്യപ്പെട്ടു. അയാള്ക്കും ആവശ്യമായ എണ്ണ നല്‍കി. തൊട്ടടുത്ത ദിനം വാതിലില്‍ മുട്ടിയത് അയല്‍ക്കാരിയായ ഒരു വൃദ്ധയായിരുന്നു. വീട്ടാവശ്യത്തിലേക്ക് കുറച്ച് എണ്ണ കടം തരണം എന്നതായിരുന്നു അവരുടെ ആവശ്യം. അവര്‍ക്കും ആവശ്യമായ എണ്ണ നല്‍കി.
അല്‍പം കഴിഞ്ഞപ്പോഴതാ ലൈറ്റ് ഹൗസിലെ വിളക്കുകളുടെ പ്രകാശം മങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. വിളക്കുകള്‍ക്ക് പകരാനുള്ള എണ്ണ സൂക്ഷിച്ചിരുന്ന പാത്രത്തിനടുത്തെത്തിയ അദ്ദേഹം,
താന്‍ സൂക്ഷിച്ചുവെച്ചിരുന്ന എണ്ണ മുഴുവനും തീര്‍ന്നുപോയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി.
എണ്ണയില്ലാതെ ലൈറ്റ് ഹൗസിലെ വിളക്കുകള്‍ അണഞ്ഞു. കാലങ്ങളായി അത് ലക്ഷ്യമാക്കി യാത്ര ചെയ്തിരുന്ന കപ്പലുകള്‍ ദിശയറിയാതെ അലഞ്ഞു. ചിലത് കൂറ്റന്‍ പാറകളിലും മഞ്ഞുകട്ടകളിലും തട്ടിത്തകര്‍ന്നു. നിരവധി ആളുകള്‍ കടലില്‍ മുങ്ങിത്താണു. ചിലതാവട്ടെ ദിശയറിയാതെ വ്യത്യസ്ത തീരങ്ങളില്‍ എത്തിപ്പെട്ടു.
ഇതിനെല്ലാം കാരണമായതാവട്ടെ ഒരേ ഒരാളായിരുന്നു. ലൈറ്റ് ഹൗസിലെ ജീവനക്കാരനായിരുന്ന ആ വൃദ്ധന്‍! താന്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളെക്കുറിച്ചോ തന്റെ കൈകളിലുള്ള വിഭവങ്ങളെക്കുറിച്ചോ ധാരണയില്ലാതെ പ്രവര്‍ത്തിച്ചതിന്റെ അനന്തരഫലമായിരുന്നു ദാരുണമായ ഈ സംഭവങ്ങൾ!
ഇത് ഒരു കഥയായിരിക്കാം, എന്നാൽ, മുന്‍ഗണന നല്‍കേണ്ടത് എന്തിനെന്ന് തിരിച്ചറിയാതെയുള്ള പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലം എത്ര ദാരുണമായിരിക്കും എന്ന ഗുണകരമായ സന്ദേശമാണ് ഇത് നല്‍കുന്നത്..
ജീവിതത്തില്‍ നമുക്കോരോരുത്തര്‍ക്കും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളുമാണുണ്ടാവുക. അവിടെ മുന്‍ഗണനാ ക്രമത്തിൽ,
ക്രമപ്രവൃദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും
ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും സാധിക്കുകയുള്ളൂ.
എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിന് പകരം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുകയാണല്ലോ വേണ്ടത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെയെല്ലാം വിജയത്തിന് ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.
ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ തങ്ങളെ ഏല്‍പിച്ചിരിക്കുന്ന ജോലിക്ക് മുന്‍ഗണന നല്‍കുകയും അത് കൃത്യമായി നിര്‍വ്വഹിക്കുകയും
ചെയ്യുമ്പോഴാണ് സ്ഥാപനത്തിന്റെ വളര്‍ച്ച സാധ്യമാവുന്നത്. വിവിധങ്ങളായ ജോലിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഓരോരുത്തരും ഏല്‍പിക്കപ്പെട്ടിട്ടുള്ള ജോലികള്‍ ഏറ്റവും മെച്ചമായ രീതിയില്‍ നിര്‍വ്വഹിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ജോലിയില്‍ അലംഭാവം കാണിക്കുകയും ദിവാസ്വപ്‌നങ്ങളിലും ആലസ്യത്തിലും സോഷ്യല്‍ മീഡിയാ ഉപയോഗത്തിലുമായി സമയം എങ്ങനെയെങ്കിലും തള്ളി നീക്കുന്നവര്‍ തങ്ങളുടെയും തങ്ങളുടെ തൊഴിലിടത്തിന്റെയും തകര്‍ച്ചക്ക് ഹേതുവാകുകയാണ് ചെയ്യുന്നത്.
പൊതുനന്മകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ വിജയത്തിനും മുന്‍ഗണനാ ക്രമത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.
തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യാത്ത സൈദ്ധാന്തിക സംഘങ്ങളും നേതാക്കളും കാലത്തിൻ്റെ ചവറ്റുകുട്ടകളിൽ എറിയപ്പെടുകതന്നെ ചെയ്യും. ജനമനസ്സുകളില്‍ യാതൊരു ഇടവും അവക്ക് ഉണ്ടാവുകയില്ല.
ആരാധനകളും ആത്മീയതയും പൊതുപ്രവര്‍ത്തനങ്ങളുമെല്ലാം തന്നെ കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ,
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ തൃപ്തിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് .
വ്യക്തി, കുടുംബം, സമൂഹം, പ്രകൃതി, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, സംഘടനാ ഉത്തരവാദിത്തങ്ങള്‍,
തൊഴിലിടങ്ങള്‍, സാമ്പത്തികമായ ഇടപാടുകള്‍, സൗഹൃദങ്ങള്‍ തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ ഈ മുന്‍ഗണനക്ക് വിരുദ്ധമായ യാതൊന്നും വിശ്വാസിയില്‍ നിന്നും ഉണ്ടാവരുത്.
അല്ലാഹുവിന്റെ സ്മരണ ജീവിതത്തിന്റെ നിഖില മേഖലകളിലും നിലനിര്‍ത്തിക്കൊണ്ട്, അവന് സതുതി കീര്‍ത്തനങ്ങളര്‍പ്പിച്ചുകൊണ്ട് വിജയത്തിലേക്ക് മുന്നേറാന്‍ നമുക്കാവട്ടെ!
-Siyad , Sohar
0 Comment:
Post a Comment