Inner voice on the air

Monday, January 31, 2022

ഫേക് ഐഡികളെ തിരിച്ചറിയുക.

 



സോഷ്യൽ മീഡിയയുടെ വരവോടെ മനുഷ്യരുടെ പ്രതികരണങ്ങളുടെ അടിസ്ഥാന തലം തന്നെ മാറി മറിഞ്ഞിട്ടുണ്ട്. ചങ്കുറപ്പോടെ നേർക്കുനേരെ അഭിപ്രായങ്ങൾ  പറയുന്നവരും നഗ്നസത്യങ്ങളെ മായം ചേർക്കാതെ ആർജ്ജവത്തോടെ പറയുന്നവരെയും നേർക്കുനേരെ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നവരെയും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും.

 എന്നാൽ വികൃതമായ മുഖം വ്യക്തമാക്കാതെ പ്രശ്നങ്ങൾ സൃഷ്ടിക്കാനായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന നിരവധി പേരുണ്ട്. മതവിദ്വേഷം പ്രചരിപ്പിക്കുക, മറ്റുള്ള ആശയങ്ങളെയോ രാഷ്ട്രീയത്തെയോ വ്യക്തികളെത്തന്നെയോ മോശപ്പെടുത്തുക, ഭർത്തൃമതികളായ സ്ത്രീകളെയും  പെൺകുട്ടികളെയും കെണിയിൽ പെടുത്തുക തുടങ്ങിയവയാണ് ഫേക്ക് ഡി കളുടെ പ്രധാന പണി. പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതുതന്നെയാണ് പരമമായ ലക്ഷ്യം.

 സോഷ്യൽ മീഡിയയിൽ മാത്രമാണോ ഫേക്ക് ഐഡികൾ കാണാൻ കഴിയുന്നത്? അല്ല എന്നതാണ് മറ്റൊരു സത്യം. തങ്ങളുടെ തനിസ്വഭാവം, അല്ലെങ്കിൽ യഥാർത്ഥ മുഖം മറച്ചുവെച്ച് ജീവിക്കുന്ന മനുഷ്യർ  നമുക്കിടയിൽ തന്നെ എത്രയോ പേരുണ്ട്?

ഏറെ സ്നേഹിക്കുകയും സുരക്ഷിത ബോധം തരുകയും ചെയ്തിരുന്ന വ്യക്തി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, കുടുംബത്തിലെ അംഗത്തെ പോലെ കരുതിയ ആളിൽ നിന്നും ഒരിക്കലും ഇതു പ്രതീക്ഷിച്ചതല്ല തുടങ്ങിയ  വർത്തമാനങ്ങൾ ഇത്തരക്കാരിൽ നിന്നുമുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പേരിൽ പലരിൽ നിന്നും നാം കേട്ടിട്ടുണ്ടാകും? സ്നേഹത്തിൽ കോർത്ത ചൂണ്ടയുമായി നമ്മെ സമീപിക്കുന്നവരുടെ കുരുക്കിൽ നാമും ഇരയാകാറുണ്ടല്ലോ.

 അനുഭവങ്ങൾ പഠിപ്പിച്ച  പാഠങ്ങൾ കേട്ട് നാം സുരക്ഷക്കായി തീർക്കുന്ന എല്ലാ  വേലിക്കെട്ടുകളും ഭേദിച്ചുകൊണ്ട് ഫേക്ക് ഐഡികൾ പുതിയ ഇരകളെ തേടി വീണ്ടും നമ്മളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

 

നബി () പറയുന്നു: 

 

إن شر الناس ذو الوجهين الذي يأتي هؤلاء بوجه وهؤلاء بوجه. (بخاري)

 

നിശ്ചയം, മനുഷ്യരിൽ ഏറ്റവും തിന്മ നിറഞ്ഞവർ ഇരട്ട മുഖക്കാരാണ്. ഒരു മുഖവുമായി അവരെയും മറ്റൊരു മുഖവുമായി ഇവരെയും സമീപിക്കുന്നവരാണവർ. (ബുഖാരി)

  -അൻവർ തലനാട്

Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact