മുഹമ്മദ് (സ) ക്ക് പ്രവാചകത്വം ലഭിച്ച് 7 വര്‍ഷം പിന്നിട്ടിരിക്കുന്നു. മക്കയുടെ അന്തരീക്ഷം കുറച്ചധികം കലുശിതമാണ്. ഹംസ,
ഉമർ തുടങ്ങിയ ശക്തരുടെ ഇസ്ലാം സ്വീകരണം, അതേ തുടര്‍ന്ന് പ്രവാചകന് ഖുറൈശികളോടുണ്ടായ സമീപനത്തിലെ കാര്‍ക്കശ്യം, ബനുൽ മുത്വലിബ്,
ബനൂ ഹാശിം കുടുംബങ്ങള്‍ പ്രവാചകന് നല്കുന്ന പിന്തുണയും സംരക്ഷണവും എല്ലാം ചേര്‍ന്ന് ഖുറൈശികള്‍ക്ക് ഈ ജനകീയ മുന്നേറ്റത്തെ തടയാനുള്ള ശക്തി ചോര്‍ന്നു തുടങ്ങിയിരിക്കുന്നു... ഇനിയെന്താണ് മാര്‍ഗം?
സത്യമാണെന്നറിഞ്ഞിട്ടും, മുഹമ്മദിന്റെ മാര്‍ഗം സ്വീകരിക്കുക എന്നത് സ്വന്തം പിതാക്കളോടും സമ്പ്രദായങ്ങളോടും ചെയ്യുന്ന പൊറുക്കപ്പെടാത്ത ചതിയായി ഖുറൈശികള്‍ വിശ്വസിച്ചു. മുസ്ലിംകളുടെ മനോദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടു മടക്കുക എന്നത് ഖുറൈശികള്‍ക്ക് ചിന്തിക്കുക പോലും പ്രയാസകരമായിരിക്കുന്നു .
ഖുറൈശികള്‍ ബനൂ കിനാന ഗോത്രക്കാരുടെ കൂടാരത്തില്‍ ഒരുമിച്ചുകൂടി. പ്രവാചകനും പ്രവാചക കുടുംബത്തിനും അനുയായികള്‍ക്കും സഹായികള്‍ക്കുമെതിരെ ഒരു കരാറിന്റെ രൂപരേഖ തയ്യാറാക്കി. പ്രവാചകനെ കൊല്ലാനായി വിട്ടുതരുന്നത് വരെ പ്രവാചകന് സംരക്ഷണ വലയം തീര്ക്കുവന്നവരുമായി വിവാഹ ബന്ധത്തിലോ കച്ചവടത്തിലോ ഏര്‍പ്പെടില്ല. എന്നല്ല;
പരസ്പരം സദസ്സ് പങ്കിടാനോ, പരസ്പരം സംസാരിക്കാനോ പോലും ഞങ്ങള്‍ തയ്യാറല്ല എന്നായിരുന്നു ആ കരാറിന്റെ ഉള്ളടക്കം. ബഗീള് ബ്ന് ആമിര്‍ (بغيض بن عامر) എന്നയാളുടെ കരങ്ങളാല്‍ എഴുതപ്പെട്ട ആ കരാര്‍ പ്രവാചക ചരിത്രത്തിലെ ഏറ്റവും കിരാതമായ കരിനിയമമായിരുന്നു എന്നതിന് പ്രവാചകൻ ആ എഴുത്തുകാരനെതിരെ ചൊരിഞ്ഞ ശാപ വാക്കുകള്‍ തന്നെ ധാരാളം മതിയാകും.
നിയമം പ്രമാണിമാരുടെ പൂര്‍ണ്ണ പിന്തുണയോടെ പാസ്സാക്കപ്പെട്ടു. ആ ലിഖിത രൂപം കഅ്ബയില്‍ തൂക്കപ്പെട്ടു. അബൂ ലഹബ് ഒഴികെ ബനൂഹാശിം, ബനൂ മുത്വലിബ് കുടുംബങ്ങള്‍ മുഴുവന്‍ ശിഅ്ബു അബീ ത്വാലിബെന്നു വിളിക്കപ്പെടുന്ന മലഞ്ചെരുവില്‍ തടവിലാക്കപ്പെട്ടു.
അതി ശക്തമായ ഉപരോധം. ഭക്ഷണം, പാനീയം എല്ലാം നിഷേധിക്കപ്പെട്ടു. പച്ചിലകളും മൃഗങ്ങളുടെ തൊലികളും മാത്രം ശരണം. സ്ത്രീകളുടെയും കുട്ടികളുടെയും വിഷപ്പിന്റെ കരച്ചിലുകള്‍ ഉയര്‍ന്നു കേട്ടു. രഹസ്യമായി ആരെങ്കിലും വെച്ചുനീട്ടുന്ന സഹായങ്ങൾ മാത്രമായിരുന്നു അവര്‍ക്കു ശരണം. മക്കക്ക് പുറത്ത് നിന്നെത്തുന്ന കച്ചവടച്ചരക്കുകള്‍ മുഴുവന്‍ ശത്രുപക്ഷം കൈക്കലാക്കി. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളില്‍ മാത്രമായിരുന്നു തടവിലാക്കപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ സംഭരിക്കാൻ സാധിച്ചത്. തന്റെ അമ്മായിയായ ഖദീജ ബീവിക്ക് ഗോതമ്പ് എത്തിക്കാന്‍ ശ്രമിച്ച ഹക്കീമിബ്നു ഹറാമിനെ അബൂ ജഹല് തടഞ്ഞു വെച്ചു. അബൂല്‍ ബുഹ്ത്തരിയുടെ ഇടപെടല്‍ മൂലമാണ് ഹക്കീമിബ്നു ഹറാമിന് തന്റെ ഉദ്യമം പൂര്‍ത്തീകരിക്കാനായത്.
പ്രവാചകന് കൊല്ലപ്പെടുമോ എന്ന ഭയം കാരണം അബൂതാലിബ് രാത്രികളില്‍ പ്രവാചകനെ തന്റെ വിരിപ്പിലേക്ക് മാറ്റിക്കിടത്തി. എങ്ങും ഭയം തങ്ങി നില്ക്കുന്നു. പക്ഷെ ഇതെല്ലാം പ്രവാചകനെയും അനുയായികളെയും തന്റെ ദൗത്യത്തില്‍ നിന്ന് അല്പം പോലും പിന്തിരിപ്പിച്ചില്ല.
ഈ തടവറയുടെ നാളുകളിലും പ്രവാചകന് അനുയായികളോടൊപ്പം പുറത്തിറങ്ങി ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. ഒറ്റപ്പെടുത്തുലിന്റെ, ഉപരോധത്തിന്റെ 3 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പ്രവാചക ലബ്ധിതിയുടെ പത്താമത്തെ വര്‍ഷം,
ഹിശാമി ബ്നു അംറ്, സുഹൈറിബ്നു അബീ ഉമയ്യ, മുത്അിം ബ്നു അദിയ്യ്, ബുഹ്ത്തരിയ്യ് ബിന്‍ ഹിശാം, സംഅത്തിബ്നുല് അസ്'വദ് എന്നിവരുടെ നേതൃത്വത്തില്‍ ആ കിരാതമായ കരാര്‍ പിച്ചിച്ചീന്തപ്പെട്ടു. തങ്ങളുടെ ബന്ധുക്കള്‍ പച്ചിലയും തൊലിയും കഴിച്ച് ജീവിക്കുമ്പോള്‍ സുഭിക്ഷമായി ഉണ്ണാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
ഒടുവിൽ പ്രവാചകനും അനുയായികളും മോചിതരായി.
ജയിലുകള്‍, ഒറ്റപ്പെടുത്തലുകള്‍, പീഢനങ്ങള്‍,
കള്ളക്കേസുകള്‍, തീവ്രവാദ ചാപ്പകുത്തല്‍ ഇതെല്ലാം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങളായി കണക്കാക്കുന്നവരാണ് വിശ്വാസികൾ.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا
നിശ്ചയം! സത്യം പുലരും,
അസത്യം തകർന്നടിയും. അസത്യം തകരാനുള്ളതു തന്നെ! (ഇസ്റാഅ: 81).
- ഹബീബുർ റഹ്'മാൻ ബിൻ ബാഖവി
👌👌
ReplyDelete