വൃദ്ധനായ പിതാവും മകനും കൂടി വീടിനു മുന്‍ഭാഗത്തുള്ള ഉദ്യാനത്തില്‍ ഇരിക്കുകയാണ്. ഒരു കുരുവി അവര്‍ക്കടുത്തുണ്ടായിരുന്ന മരച്ചില്ലയില്‍ വന്നിരുന്നു. ഇലകളുടെ അനക്കം കേട്ടപ്പോള്‍ കാഴ്ചശക്തി തീരെയില്ലാത്ത ആ വൃദ്ധപിതാവ് തന്റെ മകനോട് ചോദിച്ചു: 'മോനേ എന്താണ് ആ കേട്ടത് ?'
പത്രത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയ ശേഷം മകന്‍ പറഞ്ഞു: 'അതൊരു കുരുവിയാണഛാ ''
അല്‍പ സമയിത്തിനു ശേഷം മരച്ചില്ലയില്‍ പാറിക്കളിക്കുകയായിരുന്ന ആ ചെറു പക്ഷിയുടെ ശബ്ദം പിന്നെയും കേട്ടപ്പോള്‍ അഛന്‍ വീണ്ടും ചോദിച്ചു: 'മോനേ
എന്താണ് ആ ശബ്ദം ? 'അതൊരു കുരുവിയാണ് '' മകന്‍ പറഞ്ഞു.
കുറേ നേരങ്ങള്‍ക്ക് ശേഷം വീണ്ടും പിതാവ് ചോദിച്ചു: എന്താണാ ശബ്ദം ? അതൊരു കുരുവിയാണ്.....എന്ന് മകന്‍ നീരസത്തോടെ പറഞ്ഞു.
നാലാമത്തെ തവണയും 'എന്താണാ ശബ്ദം' എന്ന ചോദ്യം പിതാവ് ആ വര്‍ത്തിച്ചപ്പോള്‍ മകന്‍ ദേഷ്യപ്പെട്ടുകൊണ്ട് ചാടിയെണീറ്റിട്ട് പറഞ്ഞു: 'എത്ര തവണ പറഞ്ഞു;
അതൊരു കുരുവിയാണ്, കുരുവിയാണ് എന്ന്. നാശം! പറഞ്ഞാലും മനസ്സിലാവില്ല '.
മകന്‍ ഇങ്ങനെ പുലഭ്യം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച ആപിതാവ് വേച്ച് വേച്ച് വീടിനുള്ളിലേക്ക് നടന്നുപേയി. അല്‍പ സമയത്തിനു ശേഷം കൈകളില്‍ ഒരു ഡയറിയുമായി മടങ്ങിവന്നു.
അതിലെ ഒരു പേജ് നിവര്‍ത്തി മകന്റെ കൈകളിലേക്ക് കൊടുത്തിട്ട് അത് ഉറക്കെ വായിക്കാന്‍ പറഞ്ഞു. വലിയ താല്‍പര്യമുണ്ടായിരന്നില്ലെങ്കിലും അഛനെ അനുസരിക്കുന്നു എന്ന മട്ടില്‍ മകന്‍ വായിക്കുവാന്‍ തുടങ്ങി. അതിലെ വരികള്‍ ഇങ്ങനെയായിരുന്നു. ''എന്റെ മകന് മൂന്നു വയസ്സായി,
ഇന്നവന്‍ വീടിന്റെ സമീപത്തു വന്ന കുരുവിയെ ചൂണ്ടികാണിച്ചിട്ട് അതെന്താണെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തി വെച്ചിട്ട് 'അതൊരു കുരുവിയാണെന്ന്' അവനോട് പറഞ്ഞു. കുഞ്ഞിനത് മനസ്സിലായില്ല എന്ന് തോന്നുന്നു. അവനെന്നോട് വീണ്ടു വീണ്ടും ചോദിച്ചു: അതെന്താണ് ?.....അതെന്താണ് ? അപ്പോഴെല്ലാം അതൊരു കുരുവിയാണെന്ന് സന്തോഷത്തോടെ പറഞ്ഞു കൊടുത്തു. അങ്ങനെ ഇരുപത്തിയഞ്ച് തവണയാണ് ഞനെന്റെ മകന്റെ ഒരേ ചോദ്യത്തിന് ഇന്ന് ഉത്തരം പറഞ്ഞത്. എനിക്കതിലൊട്ടും വിഷമമില്ല. അവന്‍ കുഞ്ഞല്ലേ?''
ഈ ഡയറിക്കുറിപ്പ് വായിച്ച മകന്‍ പൊട്ടിക്കരഞ്ഞു. ആ അഛനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മാപ്പുപറഞ്ഞു.
സോഷ്യല്‍ മീഢിയയില്‍ കണ്ട ഒരു ഷോര്‍ട്ട് ഫിലിമിലെ രംഗങ്ങളാണിത്. കുട്ടികളുടെ ശാഠ്യങ്ങളും കുസൃതികളും പിഴവുകളുമൊക്കെ ഉള്‍ക്കൊള്ളുവാനും അവർ കുഞ്ഞല്ലേ എന്ന് പറഞ്ഞുകൊണ്ട് അവരോട് ഇടപഴകുവാനും മുതിര്‍ന്നവര്‍ക്ക് കഴിയും. എന്നാല്‍ വാര്‍ദ്ധക്യത്തിലൂടെ ശൈശവ സമാനമായ അവസ്ഥയിലേക്ക് തിരികെ നടക്കുന്ന വൃദ്ധ മാതാപിതാക്കളെ തങ്ങളുടെ സന്തോഷകരമായ ജിവിതത്തിനും വളര്‍ച്ചക്കും സുഖ സൗകര്യങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന 'കിഴവനും കിഴവിയുമായിട്ടാണ് '' പുതുതലമുറയിലെ ചിലരെങ്കിലും കാണുന്നത്.
നടന്നുവന്ന വഴികള്‍ മറന്നു പോകുന്ന ഇത്തരം ആളുകളാണ് മാതാപിതാക്കളെ വഴിയരികിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്നത്. അതിന്റെ വ്യത്യസ്തകാഴ്ചകള്‍ ഇന്ന് നമുക്ക് കാണാനാവുന്നുണ്ട്.
വിദ്യാഭ്യാസവും സംസ്‌കാരവും ഉണ്ടെന്നവകാശപ്പെടുന്ന ആളുകളും
മതബോധത്തിന്റെയും ദൈവവിശ്വാസത്തിന്റെയും വക്താക്കളായി നിലകൊള്ളുന്നവരും ഇതില്‍ പിന്നിലല്ല.
അടിച്ചുപൊളിച്ചും വെട്ടിപ്പിടിച്ചും ആഘോഷത്തിമിര്‍പ്പിനിടയിലൂടെ തങ്ങളും വാര്‍ദ്ധക്യത്തിലേക്ക് മെല്ലെ മെല്ലെ നടന്നടുക്കുയാണ് എന്ന യാഥാര്‍ത്ഥ്യം ഇവര്‍ മറന്നു പോകുകയാണോ ?
ഒന്നുറപ്പിക്കാം. നാം നമ്മുടെ മാതാപിതാക്കളളോട് കൈക്കൊള്ളുന്ന സമീപനങ്ങള്‍ കണ്ടുവളരുന്ന നമ്മുടെ മക്കളില്‍ നിന്നും സമാനമായ
സമീപനങ്ങളായിരിക്കാം വാര്‍ദ്ധക്യ കാലത്ത് നമുക്കും ലഭിക്കുക.
മാതാപിതാക്കളോടുള്ള സമീപനങ്ങള്‍ എങ്ങനെയാവണമെന്ന് ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നുണ്ട്.
തിരുദൂതര്‍ പറയുകയുണ്ടായി: 'അവര്‍ രണ്ടുപേരും നിന്റെ സ്വര്‍ഗ്ഗവും നരകവുമാണ് '.
മാതാപിതാക്കളോടുള്ള സമീപനരീതിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു :
"നീ അവരോട് ഛെ എന്നുപോലും പറയരുത്, അവരെ ധിക്കരിക്കരുത്, അവരോട് മാന്യമായി സംസാരിക്കുക, കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറക് അവരിരുവര്‍ക്കുമായി താഴ്ത്തിക്കൊടുക്കണം.. എന്റെ നാഥാ കുട്ടിക്കാലത്ത് അവരിവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ നീ അവരിരുവരോടും കരുണ കാണിക്കേണമേ' എന്ന് നീ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.-(ഖുര്‍ആന്‍ 17 : 23, 24)
-Siyad, Sohar
0 Comment:
Post a Comment