Inner voice on the air

Sunday, January 30, 2022

ഇങ്ങനെയുമുണ്ട് ഖുർആൻ വായന !!!

 

അബൂഹുറൈറ () ഒരിക്കൽ തനിക്കുണ്ടായ ഒരനുഭവം ഇങ്ങനെ വിശദീകരിക്കുന്നുഞാൻ കടുത്ത വിശപ്പ് കാരണം  ക്ഷീണിതനായിരിക്കെ ഉമർ ബിൻ ഖത്താബ് () നെ കണ്ടുമുട്ടി. അപ്പോൾ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതെങ്കിലും ഒരു സൂക്തം എനിക്ക് ഓതി തരാൻ അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ വീടിനകത്തേക്ക് പ്രവേശിച്ചു. ശേഷം എനിക്കു വേണ്ടി ചില ഖുർആൻ വചനങ്ങൾ ഓതാൻ ആരംഭിച്ചു. തുടർന്ന് ഞാൻ പുറത്തിറങ്ങി കുറച്ചു ദൂരം നടന്നപ്പോഴേക്കും ക്ഷീണവും വിശപ്പും കാരണം ഞാൻ മുഖം കുത്തി വീണു. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ പ്രവാചകൻ () എന്റെ തലക്ക് അടുത്തായി നിൽക്കുന്നതാണ് കണ്ടത്. പ്രവാചകൻ (അബൂഹുറൈറാ എന്ന് എന്നെ വിളിച്ചു. "അങ്ങയുടെ വിളിക്കുത്തരം ചെയ്യുന്നു. വീണ്ടും അങ്ങയുടെ വിളിക്കുത്തരം ചെയ്യുന്നു" എന്ന് ഞാൻ മറുപടി നൽകി. പ്രവാചകൻ () എന്റെ കൈപിടിച്ച് എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായി. പ്രവാചകൻ ()എന്നെ വിളിച്ച് തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു വലിയ പാത്രം നിറയെ പാൽ നൽകാൻ വീട്ടുകാരോട് കൽപ്പിച്ചു. ഞാൻ അതിൽ നിന്ന് കുറച്ച് പാൽ കുടിച്ചു. ശേഷം നബി ()പറഞ്ഞു: അബൂഹുറൈറാ, ഇനിയും  കുടിക്കൂ, അങ്ങനെ ഞാൻ വീണ്ടും അതിൽ നിന്ന് കുടിച്ചു. ശേഷം വീണ്ടും എന്നോട് "ഇനിയും കുടിക്കൂ" എന്നു പറഞ്ഞു. ഞാൻ വയറു നിറയുന്നതുവരെ വീണ്ടും വീണ്ടും കുടിച്ചു. ഇതുമൂലം എന്റെ വയർ ഉരുണ്ട പാത്രം പോലെ ആയി.

 പിന്നീട് ഞാൻ ഉമർ ()നെ കണ്ടു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോട് ഞാൻ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: "എന്റെ വിശപ്പ് ശമിപ്പിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളെക്കാൾ  യോഗ്യനായ ഒരാളെ അല്ലാഹു ഏൽപ്പിച്ചിരിക്കുന്നു ഉമറേ..!! അല്ലാഹുവാണെ! എനിക്ക് നിങ്ങളെക്കാൾ അല്ലാഹുവിന്റെ വചനങ്ങൾ ഓതാൻ അറിഞ്ഞിരിക്കെയാണ് എനിക്കുവേണ്ടി ഓതിത്തരാൻ ഞാൻ നിങ്ങളോട്  ആവശ്യപ്പെട്ടത്". അപ്പോൾ ഉമർ ()എന്നോട് പറഞ്ഞു: അല്ലാഹുവാണെ, ഞാൻ നിന്നെ വീട്ടിൽ പ്രവേശിപ്പിക്കുകയും സൽക്കരിക്കുകയും ചെയ്തിരുന്നെങ്കിൽ, അത് എനിക്ക് മികച്ച ചുവന്ന ഒട്ടകങ്ങളെക്കാൾ പ്രിയപ്പെട്ടതാവുമായിരുന്നു. (സ്വഹീഹ് ബുഖാരി : 5375)

 പ്രിയമുള്ളവരെ, വിശുദ്ധ ഖുർആൻ്റെ ആഹ്വാനങ്ങളും കൽപ്പനകളും ശിരസ്സാവഹിക്കാനുള്ള ആഹ്വാനങ്ങളാണ് നമുക്ക് മുമ്പിലേക്കെത്തുന്ന വിവിധ സാഹചര്യങ്ങൾ. സാഹചര്യങ്ങളുടെ തേട്ടത്തിനനുസരിച്ച് ഖുർആൻ്റെ കൽപ്പനകൾ  നിർവ്വഹിക്കാൻ നാം മുന്നോട്ടു വരുക എന്നത് തന്നെയാണ് നമ്മുടെ കർത്തവ്യം.ശരിയാംവണ്ണം ഖുർആനിനെ സമീപിക്കാനും കടമകൾ നിർവ്വഹിക്കാനും നാഥൻ നാമേവരേയും അനുഗ്രഹിക്കട്ടെ! ആമീൻ.

                -ഷാഹുൽ ഹമീദ് ബാഖവി

Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact