ഹിന്ദു യുവാവാഹിനി എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ അജയ് ബിഷ്ടാണ് കാഷായ വസ്ത്രം ധരിച്ച യോഗി ആദിത്യനാഥ്. അക്ഷരമെന്തെന്നറിയാത്ത ഗ്രാമീണ ജനതയുടെ മത വികാരങ്ങൾക്ക് തീകൊളുത്തി,
വർഗീയതയും മുസ്‌ലിം വിരുദ്ധതയും ഇന്ധനമാക്കിയാണ് അജയ് ബിഷ്ട്, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്.
ലോകം മുന്നോട്ട് പോകുമ്പോളും ഇന്ത്യാ രാജ്യത്തെയും ജനങ്ങളെയും പിന്നോട്ട് നയിക്കുന്ന ഹിന്ദുത്വ ഫാഷിസം ഉത്തർ പ്രദേശിൽ അതിന്റെ ഉച്ചസ്ഥാനത്ത് എത്തിനിൽക്കുകയാണിപ്പോൾ! ജാതീയതയുടെയും വർഗീയതയുടെയും ത്രിശൂല താണ്ഡവമാണ് നടക്കുന്നത്.
ഉത്തർപ്രദേശിലെ ഹത്‌റാസ് ജില്ലയിൽ പത്തൊൻപതുകാരിയായ ദലിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും തുടർന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്തു.
2020 സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പോലീസിന് വിവരം നൽകാതിരിക്കാൻ നാവ് പിഴുതെടുക്കാൻ അധികാരത്തിന്റെ പിൻബലമുള്ള നരാധമന്മാരായ അക്രമികൾക്ക് മടിയുണ്ടായില്ല. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രണ്ടാഴ്ചക്ക് ശേഷം നിർഭാഗ്യവതിയായ ആ പെൺകുട്ടി മരിച്ചു. ഹിന്ദുത്വ ഭീകരതയുടെ ഒരു ഇര കൂടി!
സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് അവിടെ നടന്നതെന്ന് നിരീക്ഷിച്ചു. 'എല്ലാ സ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്' പറഞ്ഞ യോഗി,
പ്രതികളെ വെറുതെവിടില്ലെന്നു കൂടി കൂട്ടിച്ചേർത്തു. ഹാത്റാസ് ജില്ലാ പോലീസ് സൂപ്രണ്ട്,
ഡെപ്യൂട്ടി സൂപ്രണ്ട്, സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എന്നിവരെ സസ്‌പെന്റ് ചെയ്തു.
കേവലം വെറും വാക്കായിരുന്നു ഇതെല്ലാം. ദലിതർക്കും മുസ്‌ലിംകൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങളിൽ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് പിന്നീട് ഈ കേസിലും നടന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയി കത്തിച്ചു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ സെർവിക്കൽ സ്‌പൈനിലെ പരുക്കിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ബലാത്സംഗത്തെക്കുറിച്ച് പരാമർശിക്കുന്നില്ല.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ സംസാരിക്കാൻ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല. സംഭവസ്ഥലം സന്ദർശിക്കാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, വിദ്യാർത്ഥി നേതാക്കളായ മസ്ഊദ് അഹമ്മദ്, അതീഖുറഹ്'മാൻ, ടാക്സി ഡ്രൈവറായ ആലം എന്നിവരെ അറസ്റ്റ് ചെയ്ത് കിരാത നിയമമായ UAPA ചാർത്തി. പിന്നീട് മലയാളികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായ ഫിറോസ്, അൻഷാദ് എന്നിവരെ ബീഹാറിൽ നിന്നും മുംബൈലേക്കുള്ള യാത്രാമധ്യേ ഉത്തർ പ്രദേശിൽ വെച്ച് ട്രെയിനിൽ നിന്നും തട്ടിക്കൊണ്ടുപോയി. അവരെ സന്ദർശിക്കാൻ യു പി യിലെത്തിയ പിഞ്ചു കുഞ്ഞും വൃദ്ധയുമടങ്ങിയ കുടുംബത്തെ 36 ദിവസത്തിലേറെ അന്യായമായി തടങ്കലിൽ പാർപ്പിച്ചു. കാവി പുതച്ച, നരാധമനായ യോഗി ഇതിനെല്ലാം തയ്യാറായി എന്നത് ആ സംസ്ഥാനം എത്രത്തോളം ഹിജ്യത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.
കേരളത്തിലെ മാധ്യമങ്ങളിൽ പോലും അന്യായമായി തടവിലാക്കപ്പെട്ട മലയാളി കുടുംബത്തോട് യോഗി പോലീസ് ചെയ്ത ഈ കൊടുംക്രൂരത വർത്തയായില്ല. യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്തശേഷം ഉത്തർപ്രദേശിലാകെ നടന്ന ജാതി ആക്രമണങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം ദളിത്-ന്യൂനപക്ഷങ്ങൾക്ക് നേരെ ‘സവർണ്ണർ’ നടത്തുന്ന ആക്രമണങ്ങളിൽ യു.പി. ഏറെ മുന്നിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ പ്രാദേശിക പത്രങ്ങൾക്ക് പോലും വാർത്തയാകാറില്ല.
ഭരണകൂടം അത്രമേൽ ഭയം വിതച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് ഉത്തർപ്രദേശ് കടന്നുപോകുന്നത്. ജനാധിപത്യം തുടർച്ചയായി കൂട്ടക്കുരുതിക്കിരയാവുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അനുസരിച്ചാവണം ജനങ്ങൾ ജീവിക്കേണ്ടതെന്ന് ഭരണകൂടം തന്നെ നിരന്തരം ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ജാതി വെറിയുടെ ഈറ്റില്ലമായ യു പി മനു സ്മൃതിക്കനുസൃതമായ നിയമങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
അക്രമങ്ങൾക്കെതിരെ ഒരക്ഷരം പോലും നാവിൽ നിന്ന് വീഴാതിരിക്കാൻ കടുത്ത ജാഗ്രതയാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പുലർത്തുന്നത്. മർദ്ദിതരായ ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉന്നാവും ഹത്രാസും ഇന്ത്യയിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും.
-റഷീദ് അയിരുർ
0 Comment:
Post a Comment