Inner voice on the air

Monday, January 31, 2022

കുട്ടികളുടെ പ്രവാചകൻ

 



അന്ന്, നിസ്ക്കാരത്തിനു വരുമ്പോൾ ഒരു കുസൃതിക്കുരുന്നും പ്രവാചകന്റെ കൂടെയുണ്ടായിരുന്നു. തന്റെ മകൾ ഫാത്തിമയുടെ പൊന്നോമന..!!

 കുഞ്ഞിനെ അടുത്തിരുത്തി പ്രവാചകൻ () നിസ്ക്കാരം ആരംഭിച്ചു. സുജൂദിലേക്ക് പോയ പ്രവാചകനൊപ്പം ജനങ്ങളും സുജൂദിലായി. സാധാരണക്ക് വിരുദ്ധമായി ദീർഘനേരമായിട്ടും സുജൂദിൽ നിന്ന് എണീക്കാനുള്ള തക്ബീർ കേൾക്കുന്നില്ല.

സമയം നീങ്ങിക്കൊണ്ടിരുന്നു.

പിന്നിലുള്ളവർക്ക് ആധിയായി. സുജൂദിൽ കിടക്കവേ പ്രവാചകനു വല്ലതും സംഭവിച്ചോ..?? ഇമാം തലയുയർത്തുന്നതിനു മുമ്പ് അണികൾ തല ഉയർത്താൻ പാടില്ലെന്നാണു നിയമം‌.

പക്ഷേ, കൂട്ടത്തിലൊരാൾക്ക് ക്ഷമിക്കാൻ പറ്റിയില്ല. തന്റെ പ്രവാചകനു വല്ലതും സംഭവിച്ചോ എന്നറിയാൻ അദ്ദേഹം അൽപ്പം തലയുയർത്തി നോക്കി; പ്രവാചകൻ സുജൂദിൽ തന്നെയുണ്ട്. തിരുദൂതരുടെ പുറത്ത് ഫാത്തിമയുടെ കുസൃതിക്കുരുന്ന് കയറിയിരിക്കുന്നത് അദ്ദേഹം കാണുകയാണ്.

 ഇല്ല.. കുഴപ്പമൊന്നുമില്ല..!!

ആശ്വാസത്തോടെ അദ്ദേഹം സുജൂദിലേക്കു തന്നെ മടങ്ങി.

 കുറേ സമയത്തിനു ശേഷം പ്രവാചകൻ () എണീറ്റു‌. നിസ്ക്കാരം കഴിഞ്ഞ ശേഷം എന്താണു സംഭവിച്ചതെന്ന് ആളുകൾ പ്രവാചകനോട് അന്വേഷിച്ചു.

പ്രവാചകൻ () പറഞ്ഞു ; "എന്റെ കുഞ്ഞ് എന്റെ പുറത്ത് കേറിയതായിരുന്നു. അവനു മതിയാകുന്നതു വരെ കളിച്ചോട്ടെ എന്നു കരുതി എണീക്കാതിരുന്നതാണു..!!"

അല്ലാഹുവുമായുള്ള അടിമയുടെ കൂടിക്കാഴ്ചയാണു നിസ്ക്കാരം. മരണാനന്തരം ആദ്യം ചോദ്യം ചെയ്യപ്പെടുന്ന, വളരെ പ്രധാനപ്പെട്ട കർമ്മം..!! അതിനിടയിലാണു ഒരു കുഞ്ഞിന്റെ കളിക്ക് പ്രവാചകൻ () കിടന്നു കൊടുക്കുന്നത്.

 കുഞ്ഞുങ്ങളോട് ഇത്രയേറെ സ്നേഹവാൽസല്യമുള്ള അതേ പ്രവാചകൻ തന്നെ മറ്റൊരിക്കൽ പേരക്കുഞ്ഞ്, സക്കാത്തിൻ്റെ മുതലിൽ നിന്നുള്ള കാരക്ക തന്റെ വായിലിട്ടപ്പോൾ തുപ്പിച്ചു കളയുന്നതും കാണാം.

നേരും നെറിയുമുള്ള ജീവിതം കെട്ടിപ്പടുക്കാൻ, ഉത്തമരായ മനുഷ്യരായിത്തീരാൻ കുഞ്ഞുങ്ങളോട്  വാൽസല്യം കാണിക്കുകയും ഒപ്പം വീഴ്ചകൾ കാണുമ്പോൾ അവരെ തിരുത്തുകയും ചെയ്യേണ്ടതുണ്ട്. അതാണ് ശരിയായ സന്താന പരിപാലനം..!!

 

അല്ലാഹു നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളാക്കി തീർക്കട്ടെ! ആമീൻ..


-Thahira Abdul Kader

Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact